പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാർ; ഒറ്റചാര്‍ജില്‍ 500 കിലോമീറ്റര്‍

പ്രശസ്ത ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈകന്‍ ഈ വർഷം സെപ്തംബറില്‍ വിപണിയിലെത്തിയേക്കും. ഒറ്റചാര്‍ജില്‍ 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ടൈക്കന് സാധിക്കും. നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏതാണ്ട് 100 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വാഹനത്തിന് 3.5 സെക്കന്‍ഡ് മതി. 12 സെക്കന്‍ഡിനുള്ളില്‍ 200 കിലോമീറ്റര്‍ വേഗവും കൈവരിക്കാൻ സാധിക്കും. വാഹനത്തിന്റെ മുന്നിലും പിന്നിലുമുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഒന്നിച്ച് 600 എച്ച്പിയോളം കരുത്ത് ഉല്‍പ്പാദിപ്പിക്കും. ടെസ്‌ല മോഡല്‍ എസ് ആണ് ടൈകന്റെ പ്രധാന എതിരാളിയായി വരുന്നത്.